കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം

By Nidhin Sathi, Official Reporter
  • Follow author on
covid test
Representational Image
Ajwa Travels

കോഴിക്കോട്: കേരളത്തിലെ ആദ്യ കോവിഡ് ബാധ ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി പരിശോധനകൾ എന്ന നാഴികക്കല്ല് പിന്നിട്ട് കോവിഡ് പ്രതിരോധം തുടരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളിൽ ഒരു കോടി കോവിഡ് പരിശോധനകൾ എന്നത് ചെറിയ കാര്യമല്ല . ഈ നേട്ടത്തിന് സവിശേഷതകൾ ഏറെയാണ്, പല കാരണങ്ങൾ കൊണ്ട് തന്നെ അത് ചർച്ച ചെയ്യേണ്ടതുമാണ്.

മൂന്നരക്കോടി ജനസംഖ്യയുള്ള കേരളം പോലെയൊരു സംസ്‌ഥാനം മൊത്തം ജനസംഖ്യയുടെ നാലിലൊന്നിൽ അധികം പരിശോധനകൾ നടത്തിയെന്നത് വലിയ നേട്ടം തന്നെയാണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,30,809 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

ആരംഭഘട്ടത്തിൽ, ആരോഗ്യലോകം തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് ഗുരുതരമായി കോവിഡ് ബാധിച്ചേക്കാവുന്ന, കൂടുതൽ മരണങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ കേരളം മുൻപിലായിരുന്നു. കേരളത്തിലെ കാലാവസ്‌ഥ, ജനനിബിഡമായ പ്രദേശങ്ങളുടെ സാന്നിധ്യം, ടൗണുകളുടെയും നഗരങ്ങളുടെയും എണ്ണം, നഗര-ഗ്രാമ ദൂരപരിധി, കൂടിയ വാഹന സാന്ദ്രത, ഗതാഗത സാന്ദ്രത എന്നിവയൊക്കെ അവർ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നു.

ജനസംഖ്യയുടെ വലിയൊരു വിഭാഗവും മുതിർന്ന പൗരൻമാരായതും കോവിഡ് സംഹാര താണ്ഡവത്തിന് അനുകൂലമാണെന്ന് എല്ലാവരും കണക്കുകൂട്ടി. ഇതിന് പുറമെ കേരളത്തിലെ പ്രമേഹ, വൃക്ക, ഹൃദ്‌രോഗ ബാധിതരുടെയും, അർബുദ രോഗികളുടെയും എണ്ണം ഈ ഭയത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ലോകം മുഴുവൻ അനിവാര്യമായ ദുരന്തത്തിനായി കാത്തിരുന്നപ്പോൾ കേരളം പതറാതെ പിടിച്ചു നിന്നു. അതിനെ സധൈര്യം നേരിട്ടു.

ആരോഗ്യസേവകർ, പോലീസുകാർ, ഭരണകർത്താക്കൾ എന്നിവരെല്ലാം അഹോരാത്രം, എണ്ണയിട്ട യന്ത്രം പോലെ പ്രതിരോധനിരയിൽ പ്രയത്‌നിച്ചു. അതിന്റെ ഫലമാണ് കേരളീയ ജനത ഇന്ന് അനുഭവിക്കുന്നതെന്ന് പറഞ്ഞാൽ അതിശയോക്‌തി ആവില്ല. ലോകം മുഴുവൻ ഭയപ്പെടുത്തിയിട്ടും തളരാതെ പിടിച്ചുനിന്ന കേരളത്തിൽ കോവിഡ് പോരാളികൾക്ക് അവകാശപ്പെട്ട വിജയമായിരുന്നു അത്.

തുടക്കം മുതൽ കേരളം കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനും ലോകത്തിനും മാതൃകയാവുന്നത് നാം കണ്ടതാണ്. ഏറെ പാടി പുകഴ്‌ത്തിയ കേരളത്തിന്റെ ആരോഗ്യമേഖലയുടെ ആഴവും പരപ്പും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയ കാലഘട്ടമായിരുന്നു ഇത്. പതിറ്റാണ്ടുകളായി നാം ഈ രംഗത്ത് ഉണ്ടാക്കിയെടുത്ത അടിത്തറ ഒന്നുകൊണ്ട് മാത്രമാണ് തളരാതെ പിടിച്ചുനിന്നതെന്ന് രാഷ്‌ട്രീയ ഭേദമന്യേ ആരും സമ്മതിക്കും.

ഈ നേട്ടത്തിന് അവകാശികൾ ഒന്നല്ല, പലരാണ്. ഇടത്-വലത് മുന്നണികൾക്ക് ഒരുപോലെ അവകാശപ്പെടാവുന്ന ചുരുക്കം ചില നേട്ടങ്ങളിലൊന്ന്. അടിത്തട്ട് മുതൽ മുകൾതട്ട് വരെ കെട്ടിപ്പടുത്ത ആരോഗ്യസേവന കേന്ദ്രങ്ങൾ, അത് പ്രൈമറി ഹെൽത്ത് സെന്റർ മുതൽ മെഡിക്കൽകോളേജുകൾ വരെ. ഒപ്പം ആരോഗ്യരംഗത്തെ കരുത്തുറ്റ മനുഷ്യ വിഭവശേഷി, പോലീസ് സേനയുടെ കാര്യക്ഷമത, നിയമസഭാ മന്ദിരംമുതൽ പഞ്ചായത്ത് ഓഫീസ് വരെ കൃത്യമായി കണക്റ്റ് ചെയ്യപ്പെട്ട അഡ്‌മിനിസ്ട്രേറ്റിവ് സിസ്‌റ്റം, സാങ്കേതിക വിദ്യയിലെ കേരളത്തിന്റെ പരിജ്‌ഞാനം, വിവരങ്ങൾ അപ്പപ്പോൾ ജനങ്ങളിലെത്തിക്കുന്ന അതിശക്‌തമായ മാദ്ധ്യമലോകം ഇവയെല്ലാം നമ്മുടെ കരുത്തായിരുന്നു.

ഇത് കൂടാതെ, ആശാ വർക്കർമാർ, ശുചീകരണ തൊഴിലാളികൾ, നഴ്‌സുമാർ, ഡോക്‌ടർമാർ, ഉദ്യോഗസ്‌ഥർ, പോലീസുകാർ, മന്ത്രിമാർ എന്നിവരൊക്കെയും ഒത്തൊരുമയോടെ പ്രവർത്തിച്ചതിന്റെ ഫലവുമായിരുന്നു നാം അനുഭവിച്ച സുരക്ഷ. അടിത്തട്ട് മുതലുള്ള ചിട്ടയായ പ്രവർത്തനം രോഗ സങ്കീർണതകളും മരണങ്ങളും വലിയതോതിൽ അകറ്റി നിർത്തിയെന്നതാണ് യാഥാർഥ്യം.

ആ ജാഗ്രതയുടെ നാളുകൾക്ക് ഇപ്പുറം ഇന്ന് രാജ്യത്തെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളിൽ ഒന്നായിട്ടുണ്ട് നാം. അതിനു വ്യക്‌തമായ കാരണങ്ങളുമുണ്ട്. സംസ്‌ഥാന സാമൂഹിക സുരക്ഷാ ഡയറക്‌ടർ ഡോ. മുഹമ്മദ് അഷീല്‍ പറയുന്ന ആ ശാസ്‌ത്രീയ കാരണങ്ങൾ നിങ്ങൾക്കിവിടെ കേൾക്കാം, മനസിലാക്കാം.

എങ്കിലും ഏറ്റവും കുറഞ്ഞ മരണനിരക്ക് കൊണ്ട് ഇപ്പോഴും നാം പിടിച്ചു നിൽക്കുന്നുണ്ട്. ആവശ്യത്തിന് ചികിൽസാ സൗകര്യങ്ങൾ ഒരുക്കുന്നത് വരെയെങ്കിലും ഈ മഹാമാരിയെ പിടിച്ചു നിർത്താൻ നമുക്ക് കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. എങ്കിലും ജാഗ്രത കൈവിട്ടുകൂടെന്ന് ആരോഗ്യവകുപ്പ് നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു, അമിത ആത്‌മവിശ്വാസം ആപത്തിൽ കൊണ്ടെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.

keralalockdown

നിർഭാഗ്യവശാൽ ഇന്ത്യയിലെ ആദ്യ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത് 2020 ജനുവരി 30ന് കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു വിദ്യാർഥിനിക്കായിരുന്നു. ചൈനയിലെ വുഹാനിൽ എംബിബിഎസ് ഒന്നാം വർഷ വിദ്യാര്‍ഥിനിയായ ഇവർ അവധി ആയതിനാൽ നാട്ടിലേക്ക് പോന്നതിനൊപ്പം കൂടിയതാണ് ഈ വൈറസ്.

ജനുവരി 24നാണ് ഇവർ കേരളത്തിലേക്ക് യാത്ര തിരിച്ചത്. വീട്ടിലെത്തിയ ഇവർക്ക് ജനുവരി 27ന് തൊണ്ടവേദനയും ജലദോഷവും തുടങ്ങിയപ്പോൾത്തന്നെ വിവരം ആരോഗ്യവകുപ്പിൽ അറിയിച്ചു. പരിശോധനയിൽ കോവിഡ് സ്‌ഥിരീകരണം വരികയായിരുന്നു. ചൈനയിലെ വുഹാനാണ് വൈറസ് ഉൽഭവകേന്ദ്രമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പഠനം ഇപ്പോഴും തുടരുകയാണ്.

2020 മാർച്ച് 14ന് ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട് ചെയ്‍തപ്പോഴും കേരളം ഉണർന്നിരുന്നു. മരിച്ചത് കർണാടക സ്വദേശിയായതിനാൽ കൂടുതൽ ജാഗ്രത കാട്ടേണ്ടത് ആവശ്യമായിരുന്നു. കലബുറഗി സ്വദേശിയായ മുഹമ്മദ് ഹുസൈൻ സിദ്ദിഖാണ് മരണപ്പെട്ടത്. ഇതോടെ, റെയിൽവേ സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ, സംസ്‌ഥാന അതിർത്തികൾ എന്നീ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കാൻ കേരളം തീരുമാനിച്ചു.

അതിന് രണ്ടാഴ്‌ചക്ക് ശേഷമാണ് കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട് ചെയ്യുന്നത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി 69കാരൻ യാക്കൂബ് സേട്ടാണ് ഇവിടെ കോവിഡിന്റെ ആദ്യത്തെ ഇര. പിന്നീടങ്ങോട്ട് അതി ജാഗ്രതയുടെ നാളുകൾ ആയിരുന്നു. ഒടുവിൽ കേന്ദ്രസർക്കാർ നിനച്ചിരിക്കാത്ത നേരത്ത് അടച്ചിടൽ പ്രഖ്യാപിച്ചതോടെ രാജ്യം വിറച്ചു. എങ്കിലും കേരളം പിടിച്ചു നിന്നു.

Must Read: കോവിഡ് വന്നുപോയവർ കേരളത്തിൽ ചുരുക്കം; സീറോ സർവേ ഫലം

അടച്ചിടൽ കാലത്തും, അതിന് ശേഷവും കേരളത്തിലെ ആരോഗ്യമേഖലക്ക് അളവറ്റ അംഗീകാരങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. അത് സ്വീകരിക്കാൻ മഹാമാരിക്ക് മുൻപിൽ തളരാതെ നിന്ന ആരോഗ്യമന്ത്രി ഉണ്ടായിരുന്നു. ബിബിസി, ലോകാരോഗ്യ സംഘടന എന്നിവയിലൂടെ അവരെ ലോകമറിഞ്ഞു. ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയിൽ അവരും ഇടം നേടി. ഇത്തരം പുരസ്‌കാരങ്ങൾ കേരളത്തിലെ ആരോഗ്യമേഖലക്ക് കിട്ടിയ അംഗീകാരങ്ങളായിരുന്നു.

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധ കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. കേരളത്തിലെ രോഗബാധ പത്ത് ലക്ഷ്യത്തിലേക്ക് കുതിക്കുമ്പോഴും മരണ നിരക്കിൽ നാം ഏറെ പിന്നിലാണെന്ന വസ്‌തുത തള്ളിക്കളയാൻ കഴിയില്ല. ഇതുവരെ കേരളത്തിൽ കോവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 3848 ആണ്.

ആകെ രോഗബാധ ഉണ്ടായത് 96,21,11 പേർക്കാണ്. അതിൽ 89,07,20 പേരും രോഗമുക്‌തരായി. കേരളത്തിലെ മരണനിരക്ക് ദേശീയ ശരശരിയേക്കാളും ഏറെ താഴെയാണ്. 0.39 ശതമാനം മാത്രമാണ് കേരളത്തിലെ മരണനിരക്ക്. രാജ്യത്ത് ഇത് 1.43 ശതമാനത്തോളമാണ്. എങ്കിലും ഈ കണക്കുകൾ ഒരിക്കലും നമ്മെ ജാഗ്രത കൈവിടാൻ പ്രാപ്‌തരാക്കുന്നതല്ല. തീർച്ചയായും നാം കൂടുതൽ കരുതലോടെ തന്നെ നീങ്ങണം. ഒരു ചെറിയ അശ്രദ്ധക്ക് പോലും വലിയ വില നൽകേണ്ടി വരുമെന്ന് ഓർക്കുകയും വേണം.

Read Also: കോവിഡ് വ്യാപനം; കേരളത്തിൽ പരിശോധന കൂട്ടണമെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE