‘ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല’; പ്രചാരണം തെറ്റ്; വിശദീകരിച്ച് എസ്എ ബോബ്‌ഡെ

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: പോക്‌സോ കേസിലെ വാദം കേൾക്കുന്നതിനിടെ താൻ നടത്തിയ പരാമർശങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചുവെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ ശരദ് എ ബോബ്‌ഡെ. സ്‌ത്രീത്വത്തോട് പരമോന്നത ബഹുമാനം സുപ്രീം കോടതി എന്നും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ബലാൽസംഗ കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, ‘വിവാഹം കഴിക്കാൻ പോവുകയാണോ?’ എന്ന് ആരായുക മാത്രമാണ് ചെയ്‌തത്‌. വിവാഹം കഴിക്കൂ എന്ന് കോടതി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബോബ്‌ഡെ വ്യക്‌തമാക്കി.

സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ മഹാരാഷ്‌ട്ര സ്‌റ്റേറ്റ് ഇലക്‌ട്രിക് പ്രൊഡക്ഷൻ കമ്പനിയിലെ ടെക്‌നീഷ്യൻ മോഹിത് സുഭാഷ് ചവാൻ എന്നയാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ആയിരുന്നു എസ്എ ബോബ്‌ഡെയുടെ വിവാദ ചോദ്യം. ‘നിങ്ങൾക്ക് പെൺകുട്ടിയെ വിവാഹം കഴിക്കുമെങ്കിൽ ഞങ്ങൾ സഹായിക്കാം. അല്ലെങ്കിൽ നിങ്ങളുടെ ജോലി പോകും, ജയിലിൽ കഴിയേണ്ടി വരും’-കോടതി പ്രതിയോട് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

ഈ പരാമർശം പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നതിന് കാരണമായി. നിരവധി വനിതാ അവകാശ പ്രവർത്തകർ, എഴുത്തുകാർ, കലാകാരൻമാർ തുടങ്ങിയവർ ബോബ്‌ഡെക്കെതിരെ രംഗത്ത് എത്തിയിരുന്നു. ബോബ്‌ഡെ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് 5,000ത്തോളം പേർ ഒപ്പുവെച്ച നിവേദനവും സമർപ്പിച്ചിരുന്നു.

എന്നാൽ, ചീഫ് ജസ്‌റ്റിസിന്റെ പരാമർശത്തിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നു എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭിപ്രായപ്പെട്ടു. സന്ദർഭത്തിൽ നിന്ന് അടർത്തി എടുത്ത് നൽകുന്ന തെറ്റായ വ്യാഖ്യാനങ്ങൾ കാരണം അർഥം തന്നെ മാറിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു. തുഷാർ മേത്തയുടെ അഭിപ്രായത്തോട് ബോബ്‌ഡെ യോജിച്ചു.

മറ്റൊരു ബലാൽസംഗ കേസിലെ ഇരയുടെ ഗർഭം അലസിപ്പിക്കുന്നതിനുള്ള അനുമതി തേടിയുള്ള ഹരജി ഇന്ന് പരിഗണിക്കവേയാണ് കഴിഞ്ഞ ആഴ്‌ചത്തെ വിവാദ പരാമർശങ്ങളെ കുറിച്ച് എസ്എ ബോബ്‌ഡെ വിശദീകരിച്ചത്. മാദ്ധ്യമങ്ങളുടെ തെറ്റായ റിപ്പോർട്ടിങ് ജുഡീഷ്യറിയുടെ പ്രതിഛായ തകർക്കുന്നതാണെന്ന് ഇന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ, കോടതിയുടെ യശസ് അഭിഭാഷകരുടെ കൈകളിൽ ആണെന്നായിരുന്നു ചീഫ് ജസ്‌റ്റിസിന്റെ പ്രതികരണം.

Also Read: വനിതാ സംവരണം 50 ശതമാനം ഉയർത്തണമെന്ന് വനിതാ എംപിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE