കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സംബന്ധിച്ച് വിദഗ്‌ധ സമിതി പഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമഗ്ര റിപ്പോർട് നൽകാൻ ആരോഗ്യവകുപ്പിലെ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചുവെന്നും, ഇത് സംബന്ധിച്ച് സംസ്‌ഥാനത്തേയും പുറത്തേയും വിവിധ മേഖലകളിലെ ആരോഗ്യ വിദഗ്‌ധരുമായി ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.
പുക ശ്വസിച്ചു മരണം ഉണ്ടായതായി പരാതിയുള്ള സാഹചര്യത്തിൽ ഡെത്ത് ഓഡിറ്റ് നടത്തും. പ്രതിപക്ഷ നേതാവ് വാസ്‌തവം അല്ലാത്ത കാര്യങ്ങൾ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്. കൊച്ചിയിൽ ഒരാരോഗ്യ പ്രശ്‌നവും ഇല്ലെന്ന് താൻ പറഞ്ഞതായി അദ്ദേഹം പറയുന്നത് തെറ്റായ കാര്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ വായു മലിനീകരണം ഉണ്ടായ സ്‌ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു.
ഇന്ന് വൈകിട്ട് വരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പ് രോഗികൾ, 501 മറ്റു അസുഖങ്ങൾ ഉള്ളവർ എന്നിവർ ഉൾപ്പെടുന്നു. നിലവിൽ സഹായം ആവശ്യമുള്ളവരെ ഉടൻ കണ്ടെത്തി സേവനങ്ങൾ നൽകുന്നതിനും കിടപ്പ് രോഗികൾ, ഗർഭിണികൾ, മറ്റു ഗുരുതര അസുഖങ്ങൾ ഉള്ളവർ തുടങ്ങി കൂടുതൽ ശ്രദ്ധ ആവശ്യമായ ആളുകളെ കണ്ടെത്തി തുടർ നിരീക്ഷണങ്ങളും സേവനങ്ങളും നൽകുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്.
അതേസമയം, കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സജ്‌ജമാക്കിയ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്‌പോൺസ് സെന്റർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. ഇതിന് പുറമെ, എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ളിനിക്കുകളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആറ് മൊബൈൽ യൂണിറ്റുകളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാൻ അക്ഷീണം പ്രവർത്തിച്ച അഗ്‌നിശമന സേനക്ക് ഹൈക്കോടതി അഭിനന്ദനം അറിയിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ്, തീ അണയ്‌ക്കാൻ ദിവസങ്ങളോളം പ്രവർത്തിച്ച ഉദ്യോഗസ്‌ഥരെ ഹൈക്കോടതി പ്രശംസിച്ചത്. തീ കെടുത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്‌ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.
സോൺടായുടെ പ്രവർത്തനം തൃപ്‌തികാര്യമല്ലെന്ന് വ്യക്‌തമായതിനാൽ, ബ്രഹ്‌മപുരത്ത് പുതിയ ടെൻഡർ വിളിച്ചുവെന്ന് കോർപറേഷനും കോടതിയെ അറിയിച്ചു. ഇതോടെ, ടെൻഡർ വിശദാംശങ്ങൾ അറിയിക്കാൻ കോടതി കൊച്ചി കോർപറേഷന് നിർദ്ദേശം നൽകി.
മാലിന്യ സംസ്‌കരണത്തിൽ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ കഴിയില്ല. ഇപ്പോഴുള്ള സാഹചര്യത്തിൽ മാറ്റം ഉണ്ടാകണം. മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ ശക്‌തമായ ശിക്ഷാ നടപടി ഉണ്ടാവണം. അത് ഉണ്ടാകാത്തതാണ് സംസ്‌ഥാനത്തെ മാലിന്യ പ്രശ്‌നങ്ങൾ ഈ രീതിയിലെത്താൻ കാരണമായി തീർന്നത്. മാലിന്യ സംസ്‌കരണ വിഷയത്തിൽ മൂന്ന് അമിക്കസ് ക്യൂറിമാരെ നിയമിക്കും. മൂന്നാർ അടക്കമുള്ള ഹിൽ സ്‌റ്റേഷനുകളിലെ പ്‌ളാസ്‌റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
Most Read: ഭോപ്പാൽ വാതക ദുരന്തം; അധിക നഷ്‌ടപരിഹാരം വേണമെന്ന കേന്ദ്രത്തിന്റെ ഹരജി തള്ളി