മൂലമറ്റം: ഇടുക്കി മൂലമറ്റം അശോകക്കവലയിൽ യുവാവിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. മൂലമറ്റത്ത് സർവീസ് നടത്തുന്ന ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്‌ടർ കീരിത്തോട് സ്വദേശി സനൽ ബാബു (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് എകെജി കോളനിയ്‌ക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാർട്ടിനെ (30) പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.
ശനിയാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. അശോകക്കവലയിൽ പുതുതായി തുറന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു സനലും സുഹൃത്തുക്കളും. അവിടെ വെച്ച് ഫിലിപ്പുമായി തർക്കമുണ്ടായി. ഭക്ഷണത്തെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം. തുടർന്ന് ഫിലിപ്പ് സനലിനെയും സുഹൃത്തുക്കളെയും മർദ്ദിച്ചതായും പറയുന്നു. ശേഷം കാറിൽ വീട്ടിലേക്ക് മടങ്ങിയ ഫിലിപ്പിനെ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സർവീസ് സെന്ററിനടുത്ത് വെച്ച് തടഞ്ഞതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു.
ഫിലിപ്പിന്റെ കാർ അടിച്ചുതകർത്തതായും ഇയാളെ മർദ്ദിച്ചതായും പറയുന്നു. പ്രകോപിതനായ ഫിലിപ്പ് വീട്ടിൽ നിന്നും തോക്കുമായെത്തി ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഫിലിപ്പ് തോക്കുമായി വരുന്നത് കണ്ട് ബൈക്കിൽ കയറി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സനലിന്റെ തലയ്‌ക്ക് പുറകിൽ വെടിയേറ്റു. ഇയാളെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനും മറ്റ് രണ്ട് പേർക്കും വെടിവെപ്പിൽ ഗുരുതര പരിക്കേറ്റു. ഇവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രതി ഫിലിപ്പിനെ മുട്ടത്ത് നിന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
Most Read: ഇന്ധനവില വർധന; രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്