തൃശൂർ: കൊടകരയിൽ കുഴൽപ്പണം മോഷണം പോയ കേസിൽ കൂടുതൽ പണം പോലീസ് കണ്ടെടുത്തു. പ്രതികളിൽ നിന്നും പണം കൈപ്പറ്റിയവരിൽ ചിലർ ഇത് പോലീസിനെ തിരികെ ഏൽപ്പിക്കുകയായിരുന്നു. പണം തിരിച്ചേൽപ്പിച്ചില്ലെങ്കിൽ കേസിൽ പ്രതിചേർക്കുമെന്ന പോലീസിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇവർ ഇതിന് തയ്യാറായത്.
പണം ഏല്‍പ്പിച്ചതായി പ്രതികൾ പറഞ്ഞ പലരും ഇക്കാര്യം പോലീസിനോട് സമ്മതിച്ചിരുന്നില്ല. തുടർന്ന് മോഷണ മുതൽ കൈപ്പറ്റിയവരെയും പ്രതിചേർക്കുമെന്ന് കണ്ണൂരിൽ നടന്ന തെളിവെടുപ്പിനിടെ പോലീസ് പറഞ്ഞിരുന്നു. ഇതോടെയാണ് ചിലർ പണം തിരികെ നൽകിയത്. ആകെ തുക എത്രയുണ്ടെന്ന് പോലീസ് വ്യക്‌തമാക്കിയിട്ടില്ല.
അതേസമയം, കസ്‌റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പോലീസ് കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെത്തി തെളിവെടുപ്പു നടത്തി. ഇന്ന് വയനാട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ ചില പ്രതികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ചോദ്യം ചെയ്യൽ പ്രതിസന്ധിയിൽ ആയിട്ടുണ്ട്.
Also Read: ‘കോടികളുടെ തട്ടിപ്പ്, ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം’; ഡിവൈഎഫ്‌ഐ