ന്യൂഡെൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചും, മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അമിത് ഷാ. മണിപ്പൂർ വിഷയത്തിൽ ചർച്ച നടത്താൻ താൻ സന്നദ്ധത അറിയിച്ചിട്ടും പ്രതിപക്ഷമാണ് തന്നെ സംസാരിക്കാൻ അനുവദിക്കാതിരുന്നത്. മണിപ്പൂർ കലാപത്തെ കുറിച്ച് പറയേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും, താൻ ചർച്ച നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിൽ അവിശ്വാസ പ്രമേയത്തിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
രാജ്യത്തോട് മറുപടി പറയേണ്ടയാൾ തന്നെയാണ്. എന്നാൽ, പ്രതിപക്ഷം തന്നെക്കൊണ്ട് ഒരക്ഷരം സംസാരിപ്പിക്കുന്നില്ല. ഇത് ഏത് തരം ജനാധിപത്യമാണെന്നും അമിത് ഷാ ചോദിച്ചു. സഭയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചും അമിത് ഷാ പ്രസംഗിച്ചു. 13 തവണ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുകയും 13 തവണ പരാജയപ്പെടുകയും ചെയ്‌ത ഒരു രാഷ്‌ട്രീയ നേതാവ് ഉണ്ടായിരുന്നുവെന്നാണ് അമിത് ഷാ പരിഹസിച്ചത്.
‘ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമാണ്. മോദി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാനമന്ത്രിയാണ്. മോദി കൊണ്ടുവന്നത് വികസനത്തിന്റെ രാഷ്‌ട്രീയമാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ നാഴികക്കല്ലായ 50 തീരുമാനങ്ങളെടുക്കാൻ മോദി സർക്കാരിനായി. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഇഷ്‌ടപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദി’- അമിത് ഷാ പറഞ്ഞു.
‘ജനങ്ങൾ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെടുന്നത് ആദ്യമായാണ്. കള്ളങ്ങൾ കുത്തിനിറച്ചതാണ് അവിശ്വാസ പ്രമേയം. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. യഥാർഥ പ്രശ്‌നങ്ങളല്ല പ്രതിപക്ഷം ഉയർത്തുന്നത്. അഴിമതിയും കുടുംബ വാഴ്‌ചയും ഇന്ത്യ വിടണം. യുപിഎയുടെ ചരിത്രം അഴിമതിയുടേതാണ്’- അമിത് ഷാ വിമർശിച്ചു.
മണിപ്പൂർ സംഘർഷത്തിൽ പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് മോശമാണെന്ന് അമിത് ഷാ പറഞ്ഞു. മണിപ്പൂരിലെ സാഹചര്യങ്ങളിൽ പ്രതിപക്ഷത്തേക്കാൾ ദുഃഖം സർക്കാരിനുണ്ട്. മണിപ്പൂരിൽ സ്‌ത്രീകളെ അപമാനിച്ച സംഭവത്തിലും അമിത് ഷാ പ്രതികരിച്ചു. സംഭവത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചിരുന്നില്ല. വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികളെ പിടികൂടിയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം രാഷ്‌ട്രീയ നാടകമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Most Read| മുഖ്യമന്ത്രിയുടെ കുടുംബത്തിലെത്തുന്ന കോടികളെ കുറിച്ച് അന്വേഷണം വേണം; കെ സുധാകരൻ