ആര്‍സിസിയില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍; ഇന്ത്യയിലാദ്യം

By Team Member, Malabar News
New Technology In RCC Thiruvananthapuram Said Health Minister
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കെവി ഇമേജിംഗ് സംവിധാനമുള്ള റിംഗ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍ സജ്‌ജമാക്കുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. സർക്കാർ മേഖലയിൽ ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഈ സംവിധാനത്തിലൂടെ ഇന്റന്‍സിറ്റി മോഡുലേറ്റഡ് റേഡിയേഷന്‍ തെറാപ്പി (ഐഎംആര്‍ടി), ഇമേജ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (ഐജിആര്‍ടി) എന്നീ നൂതന സാങ്കേതിക ചികിൽസ അതിവേഗത്തില്‍ കൂടുതല്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.

20 കോടി രൂപയാണ് ഈ പദ്ധതിയുടെ ചിലവ് കണക്കാക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നുള്ള സാമ്പത്തിക സഹായത്തോടെയാണ് ആര്‍സിസിയില്‍ ഈ നൂതന സംവിധാനം സജ്‌ജീകരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മെഷീന്‍ സ്‌ഥാപിച്ച് ചികിൽസക്കായി ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും മന്ത്രി വ്യക്‌തമാക്കി. നിലവിലുള്ള സംവിധാനത്തില്‍ ഒരേസമയം നിശ്‌ചിത രോഗികള്‍ക്ക് മാത്രമേ റേഡിയോ തെറാപ്പി നല്‍കാന്‍ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ ചികിൽസ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യ സജ്‌ജീകരിക്കുമ്പോള്‍ റേഡിയോ തെറാപ്പി ആരംഭിക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറയ്‌ക്കാന്‍ സാധിക്കും. റേഡിയേഷന്‍ ചികിൽസ വഴി രോഗം പൂർണമായി സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണ്.

റിംഗ് ഗാന്‍ട്രി മെഷീന്‍ വഴി നല്‍കുന്ന റേഡിയേഷന്‍, ഇമേജ് ഗൈഡന്‍സിംഗ് സാങ്കേതികതയിലൂടെ ആയതിനാല്‍ സാധാരണ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും റേഡിയേഷന്‍ ഡോസ് ഏല്‍ക്കുന്നത് കുറയ്‌ക്കാനും സാധിക്കും. നിര്‍മാണ ഘട്ടത്തില്‍ തന്നെ ഗുണനിരവാരം ഉറപ്പ് വരുത്തുന്നതിനുള്ള ഉപകരണങ്ങള്‍(ക്വാളിറ്റി അഷ്വറന്‍സ് ടൂളുകള്‍) യന്ത്രത്തില്‍ സജ്‌ജീകരിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കുന്നതിനും ഓരോ ചികിൽസയുടെ കൃത്യത വിലയിരുത്തുന്നതിനും സഹായിക്കുകയും ചെയ്യുന്നു. മെഷിനിന്റെ നൂതനമായ രൂപകല്‍പന വൈദ്യുതി ഉപഭോഗം കുറയ്‌ക്കുകയും മെഷീനിനുള്ളിലെ റേഡിയേഷന്‍ പുറത്ത് വരാതെ സംരക്ഷിക്കുകയും ചെയ്യും. അതുവഴി മെഷീന്‍ സ്‌ഥാപിക്കുന്ന റൂമിന്റെ നിര്‍മാണ ചിലവ് കുറയ്‌ക്കാനും സാധിക്കുന്നു.

ഇത് സംബന്ധിച്ച ധാരണാപത്രം ആര്‍സിസി കാമ്പസിൽ വച്ച് സംസ്‌ഥാന സര്‍ക്കാരിനുവേണ്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എസ് രവി എന്നിവര്‍ ഒപ്പുവച്ചു. ആര്‍സിസി ഡയറക്‌ടർ ഡോ. രേഖ എ നായര്‍, ചീഫ് ജിഎം പവര്‍ ഗ്രിഡ് മിഥുലേഷ് കുമാര്‍, ചീഫ് ജിഎം പവര്‍ ഗ്രിഡ് എ നാഗരാജന്‍, സീനിയര്‍ ജിഎം പവര്‍ ഗ്രിഡ് ഗ്രേസ് മാത്യു എന്നിവര്‍ സന്നിഹിതരായിരുന്നു.

Read also: നടിയെ ആക്രമിച്ച കേസ്; കാവ്യയെ ചോദ്യം ചെയ്‌ത്‌ അന്വേഷണസംഘം മടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE