ഇടുക്കിയിലെ ജനകീയ ഹർത്താൽ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്ന് ഒഴിവാക്കിയത്. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം. നിലവിൽ 10 പഞ്ചായത്തുകളിൽ ഹർത്താൽ തുടരുകയാണ്.

By Trainee Reporter, Malabar News
hartal
Representational Image
Ajwa Travels

ഇടുക്കി: അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട ഹൈക്കോടതി നടപടിക്കെതിരെ ഇടുക്കിയിലെ ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി. രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെയാണ് ഹർത്താലിൽ നിന്ന് ഒഴിവാക്കിയത്. വിദ്യാർഥികളുടെ പരീക്ഷ പരിഗണിച്ചാണ് തീരുമാനം. നിലവിൽ 10 പഞ്ചായത്തുകളിൽ ഹർത്താൽ തുടരുകയാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ജനകീയ സമിതി ഹർത്താൽ ആചരിക്കുന്നത്.

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാൻ ഹൈക്കോടതി അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ജനകീയ ഹർത്താൽ പ്രഖ്യാപിച്ചത്. ചിന്നക്കനാൽ പവർ ഹൗസിലും പൂപ്പാറയിലും കൊച്ചി ധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. കാട്ടാന അരിക്കൊമ്പനെ പിടിക്കാൻ അനുമതി ഇല്ലെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം. ജനസുരക്ഷയ്‌ക്കായി കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്‌ഥരും മേഖലയിൽ തുടരണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. അടുത്ത കാലത്തൊന്നും അരിക്കൊമ്പൻ മനുഷ്യജീവന് ഭീഷണിയായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പിടിക്കൂടുന്നത് അപകടകരമാണ്. ആനയെ പിടികൂടി തടവിലാക്കുന്നതിനോട് യോജിപ്പില്ല. ഇത് ഭരണഘടനാ വിരുദ്ധമാണ്. നേരത്തെ പിടികൂടി തടവിലാക്കിയ ആനകളുടെ അവസ്‌ഥ മുന്നിലുണ്ടെന്നും കോടതി വ്യക്‌തമാക്കി.

അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്‌നം തീരുമോയെന്നായിരുന്നു കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. ഇന്ന് അരിക്കൊമ്പൻ ആണെങ്കിൽ നാളെ മറ്റൊരാന ആ സ്‌ഥാനത്തേക്ക്‌ വരുമെന്ന് പറഞ്ഞ കോടതി, വിഷയത്തിൽ ശാശ്വത പരിഹരണമാണ് വേണ്ടതെന്ന് സർക്കാരിന് നിർദ്ദേശം നൽകി. അഞ്ചംഗ വിദഗ്‌ധ സമിതിയെ വെച്ച് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. അതേസമയം, ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതിയുടെ നടപടികൾ ഇന്ന് തുടങ്ങും.

രണ്ടു വനംവകുപ്പ് ഉദ്യോഗസ്‌ഥരും അമിക്കസ് ക്യൂറിയും ആനയെ സംബന്ധിച്ച വിഷയങ്ങളിൽ വൈദഗ്‌ധ്യമുള്ള രണ്ടു പേരെയുമാണ് ഈ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത മാസം അഞ്ചിന് കോടതി കേസ് പരിഗണിക്കുമ്പോൾ വിദഗ്‌ധ സമിതി റിപ്പോർട് നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ വനംവകുപ്പിന്റേത് അടക്കമുള്ള, അരിക്കൊമ്പനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് അമിക്കസ് ക്യൂറിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.

ഇത് വിശദമായി പരിശോധിച്ച ശേഷമാകും വിദഗ്‌ധ സംഘം തുടർനടപടി സ്വീകരിക്കുക. അരിക്കൊമ്പനെ മയക്കുവെടി വെക്കാതെ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകൾ എന്തെല്ലാമെന്ന് പരിശോധിക്കാനാണ് കോടതി വിദഗ്‌ധ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചിന്നക്കനാലിൽ അടക്കം പോയി സ്‌ഥിതിഗതികൾ വിലയിരുത്തുന്ന കാര്യവും സമിതിയുടെ പരിഗണനയിൽ ഉണ്ട്.

അതിനിടെ, ഇടുക്കിയിലെ ഹർത്താൽ നിയമവിരുദ്ധമെന്ന് കാട്ടി ഹർത്താൽ അനുകൂലികൾക്ക് പോലീസ് നോട്ടീസ് നൽകി. ഉണ്ടാകുന്ന കഷ്‌ട-നഷ്‌ടങ്ങളുടെ ഉത്തരവാദിത്തം ഹർത്താൽ നടത്തുന്നവർക്കാണെന്ന് നോട്ടീസിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശ പ്രകാരം ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകണം എന്നാണ് നിയമം. ഇത് പാലിക്കാതെ ഹർത്താൽ നടത്തുന്നത് നിയമവിരുദ്ധമാണെന്നാണ് നോട്ടീസിൽ പറയുന്നത്.

Most Read: അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE