ആൾകൂട്ട മർദ്ദനത്തിന് എതിരെ പ്രതിഷേധം; അറസ്‌റ്റിലായ യുവാവിന് പാക് ബന്ധമെന്ന് മന്ത്രി

By News Desk, Malabar News
Attack against bangle seller in madhyapradesh

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വഴിയോര കച്ചവടക്കാരൻ ആൾകൂട്ട മർദ്ദനത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ചയാൾക്ക് പാകിസ്‌ഥാൻ ബന്ധമെന്ന് സംസ്‌ഥാന ആഭ്യന്തര മന്ത്രിയുടെ ആരോപണം. ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധിച്ചതിന് അറസ്‌റ്റിലായ യുവാവിനെതിരെയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ആൾകൂട്ട മർദ്ദന കേസുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ മതവിദ്വേഷം പരത്തുകയും കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം നാലുപേരെ മധ്യപ്രദേശ് പോലീസ് അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇതിൽ അൽതമഷ് ഖാൻ എന്ന യുവാവിനെതിരെയാണ് പാക് ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരിക്കുന്നത്.

അൽതമഷ് ഖാന്റെ ഫേസ്‌ബുക്ക്, വാട്സാപ്‌ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാകിസ്‌ഥാനുമായി ബന്ധമുണ്ടെന്ന് സ്‌ഥിരീകരിക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചുവെന്ന് ആഭ്യന്തര മന്ത്രി പറയുന്നു. അധിക്ഷേപകരമായ ഉള്ളടക്കമുള്ള വീഡിയോയും ശബ്‌ദരേഖയും അടക്കം ഇദ്ദേഹത്തിൽഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വഴിയോര കച്ചവടക്കാരന് നേരെയുണ്ടായ ആൾക്കൂട്ട ആക്രമണത്തിനെതിരെ ഇൻഡോർ പോലീസ് സ്‌റ്റേഷന് മുന്നിലും അൽതമഷിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് അൽതമഷിനൊപ്പം മുഹമ്മദ് ഇമ്രാൻ അൻസാരി, ജാവേദ് ഖാൻ, സയ്യിദ് ഇർഫാൻ അലി എന്നിവരും അറസ്‌റ്റിലായത്‌. 20നും 30നും ഇടയിൽ പ്രായമുള്ളവരാണ് എല്ലാവരും.

ഓഗസ്‌റ്റ്‌ 22നാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. വളകൾ വിൽക്കുന്നതിനിടെ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ച് വഴിയോര കച്ചവടക്കാരനായ യുവാവിനെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. വിൽപനക്ക് വെച്ചിരുന്ന വളകൾ നശിപ്പിച്ച അക്രമികൾ യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവർന്നുവെന്നും പരാതിയുണ്ട്.

യുവാവിന്റെ പരാതിയിൽ കേസെടുത്തെങ്കിലും അന്വേഷണം ഊർജിതമല്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി യുവാക്കൾ രംഗത്തെത്തിയത്. അക്രമത്തിനിരയായത് ഒരു മുസ്‌ലിം യുവാവായതിനാലാണ് പോലീസ് അനാസ്‌ഥ കാട്ടുന്നതെന്നും പ്രതിഷേധകർ ആരോപിച്ചിരുന്നു. ആക്രമണത്തിന് ഇരയായ തസ്‌ലിം അലി എന്ന യുവാവിനെതിരെ പോക്‌സോ കേസ് പ്രകാരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തതാണ്‌ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

അതേസമയം, ഹിന്ദുവാണെന്ന വ്യാജേന കച്ചവടം നടത്തിയതിനാണ് യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്‌തതെന്ന്‌ ആയിരുന്നു നേരത്തെ മന്ത്രി നരോത്തം മിശ്രയുടെ ന്യായീകരണം.

Also Read: മറ്റ് പോസ്‌റ്ററുകളിൽ നെഹ്‌റു ഉണ്ടാവും; വിവാദത്തിന് പിന്നാലെ വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE