ലഖ്‌നൗ: ലഖ്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന സ്‌റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ യോഗി ആദിത്യനാഥ് രണ്ടാം തവണയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തു. ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും 50 മന്ത്രിമാരും സത്യപ്രതിജ്‌ഞ ചെയ്‌തു.
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിനും രണ്ട് ഉപമുഖ്യമന്ത്രിമാർ, 16 മറ്റ് ക്യാബിനറ്റ് മന്ത്രിമാർ, 14 സഹമന്ത്രിമാർ (സ്വതന്ത്ര ചുമതല), 20 സഹമന്ത്രിമാർ എന്നിവരുൾപ്പെടെ 52 അംഗ സംഘത്തിനും സത്യവാചകം ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ ആദിത്യനാഥ് സർക്കാരിലെ 21 മന്ത്രിമാരെ നിലനിർത്തുകയും 22 മന്ത്രിമാരെ ഒഴിവാക്കുകയും ചെയ്‌തു. മന്ത്രിസഭയിൽ 31 പേർ പുതുമുഖങ്ങളാണ്. അഞ്ച് വനിതകളും യോഗിയുടെ രണ്ടാം സർക്കാരിൽ ഇടം നേടി. യുപിയില്‍ 37 വര്‍ഷത്തിനിടെ കാലാവധി തികച്ചു വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രിയും സംസ്‌ഥാനത്തെ 33ആമത്തെ മുഖ്യമന്ത്രിയും ആണ് യോഗി ആദിത്യനാഥ്.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കേശവ് മൗര്യയെ പുതിയ സർക്കാരിലും നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മൽസരിക്കാതിരുന്ന ദിനേശ് ശര്‍മ്മക്ക് പകരമാണ് ബ്രജേഷ് പഥക്കിന്റെ നിയമനം. ആദ്യ യോഗി സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന പഥക് മുന്‍ ലോക്‌സഭാ എംപിയുമാണ്.
Most Read: മുല്ലപ്പെരിയാർ; സുപ്രീം കോടതി നിലപാട് അനുകൂലമാകും എന്നാണ് പ്രതീക്ഷയെന്ന് മന്ത്രി