‘ഓപ്പറേഷന്‍ ഓയില്‍’ പദ്ധതിയുമായി ആരോഗ്യവകുപ്പ്; മായംകലര്‍ന്ന വെളിച്ചെണ്ണ തടയും

സംസ്‌ഥാനത്തെ നിയമം അനുസരിച്ച ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂവെന്നും ഇത് കര്‍ശനമായും നടപ്പിലാക്കുമെന്നും എണ്ണകളിൽ സള്‍ഫറിന്റെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

By Central Desk, Malabar News
Health Department's 'Operation Oil' project
Rep. Image
Ajwa Travels

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്.

മായംകലര്‍ന്ന വെളിച്ചെണ്ണ തടയാനും ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗം പ്രചരിപ്പിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി വ്യാപകമായി റെയ്‌ഡുകളും സംഘടിപ്പിക്കും. ഇതിന്റെ പ്രഥമ ഘട്ടം ആരംഭിച്ചതായും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായും മന്ത്രി പറഞ്ഞു.

പോരായ്‌മകൾ കണ്ടെത്തിയ ഇടങ്ങളിൽ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്‌തിട്ടുണ്ട്‌. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നതാണ്. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മാതാക്കളും നിര്‍ബന്ധമായും കരസ്‌ഥമാക്കണം -മന്ത്രി വിശദീകരിച്ചു.

സംസ്‌ഥാന നിയമം അനുസരിച്ച്, ഒരു നിര്‍മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുകയും ചെയ്യും. ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുമെന്നും ഇത്തരക്കാരെ നിയമ നടപടിക്ക് വിധേയമാക്കുമെന്നും എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്‍ ആവിഷ്‌ക്കരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മൽസ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കുകയും പരിശോധനകള്‍ ശക്‌തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒക്‌ടോബര്‍ മാസം മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്. 294 സ്‌ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്‌റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടത്തി. 6959 കിലോഗ്രാം കേടായ മൽസ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്‌ഥാനം ലഭിച്ചിരുന്നു. കൂടാതെ ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ ‘ഈറ്റ് റൈറ്റ്’ ചലഞ്ചില്‍ സംസ്‌ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്‌തിരുന്നു.

Most Read: കൂട്ടബലാൽസംഗ കേസ്: സിഐയെ അറസ്‌റ്റ് ചെയ്‌തിട്ടില്ല; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE