ഒമൈക്രോൺ; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

By News Bureau, Malabar News
omicron-kerala

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു.

നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റെയ്നും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്.

എന്നാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പലരും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്‌ഥാനത്തെ ഒമൈക്രോണ്‍ പ്രതിരോധത്തെ ബാധിക്കും. അതിനാല്‍ ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണം. ഇവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നതാകും നല്ലത്. ഒരു കാരണവശാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകരുതെന്നും മന്ത്രി യോഗത്തിൽ വ്യക്‌തമാക്കി.

സംസ്‌ഥാനത്ത് ഇതുവരെ 15 ഒമൈക്രോണ്‍ കേസുകളാണ് സ്‌ഥിരീകരിച്ചത്. മറ്റ് സംസ്‌ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കോവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്‌ക്ക് അയക്കുന്നതാണ്. പെട്ടൊന്നൊരു സ്‌ഥലത്ത് ക്ളസ്‌റ്റര്‍ ഉണ്ടായാല്‍ അവിടെ നിന്നുള്ള സാമ്പിളുകളും ജനിതക പരിശോധനയ്‌ക്ക് അയക്കും. ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചവര്‍ നെഗറ്റീവായതിന് ശേഷം നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്‌ചാര്‍ജ് ചെയ്യുകയുള്ളൂ.

അതേസമയം ഒമൈക്രോണ്‍ രോഗികളുടെ എണ്ണം കൂടിയാല്‍ അത് നേരിടുന്നതിന് ആശുപത്രികളില്‍ തയ്യാറാക്കിയ സജ്‌ജീകരണങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്‌തു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളുടെ സഹകരണവും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Most Read: 20 ഇന്ത്യാ വിരുദ്ധ യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു 

എയര്‍പോര്‍ട്ട് സര്‍വയലന്‍സ് നല്ല രീതിയില്‍ നടക്കുന്നുണ്ട്. എയര്‍പോട്ടില്‍ വച്ച് പരിശോധിക്കുന്നവരില്‍ പലരും നെഗറ്റീവാണ്. പിന്നീട് പരിശോധിക്കുമ്പോഴാണ് കോവിഡ് പോസിറ്റീവാകുന്നത്. അതിനാല്‍ തന്നെ കമ്മ്യൂണിറ്റി സര്‍വയലന്‍സ് ശക്‌തമാക്കും. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ പരിശോധനകള്‍ വര്‍ധിപ്പിക്കുന്നതാണ്; മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത് വാക്‌സിന്റെ ക്ഷാമമില്ലെങ്കിലും പലരും വാക്‌സിനെടുക്കാന്‍ വരുന്നില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അലര്‍ജിയും മറ്റ് പല കാരണങ്ങളും പറഞ്ഞ് കുറേ ആളുകൾ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നുണ്ട്. അവര്‍ യഥാര്‍ഥ കാരണം കണ്ടെത്തേണ്ടതാണ്. ക്രിസ്‌മസ്, ന്യൂ ഇയര്‍ വരുന്ന സന്ദര്‍ഭത്തില്‍ എല്ലാവരും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.

യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. വിആര്‍ രാജു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, ഡിഎംഒമാര്‍, ഡിപിഎംമാര്‍, സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Most Read: ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE