പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കണം, ചികിൽസ ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി

By Desk Reporter, Malabar News
Post covid symptoms should be treated with caution; Minister of Health
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മുക്‌തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

സംസ്‌ഥാനത്ത് നിലവിൽ 1,183 പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതോടൊപ്പം ജില്ലാതല പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്ര തലം മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ സജ്‌ജീകരിച്ചിട്ടുള്ളതാണ് പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനം. ഈ ക്ളിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കോവിഡ് മുക്‌തരായവരില്‍ അമിത ക്ഷീണം, പേശീ വേദന മുതല്‍ മാരകമായ ഹൃദ്രോഗവും മറ്റ് ജീവിതശൈലീ രോഗങ്ങളും വരെ കണ്ടുവരുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്‌ഥാനത്ത് 1,99,626 പേര്‍ പ്രാഥമികതലം മുതലുള്ള വിവിധ ആശുപത്രികള്‍ വഴിയും 1,58,616 പേര്‍ ഇ-സഞ്‌ജീവനി, ടെലി മെഡിസിന്‍ സംവിധാനം വഴിയും പോസ്‌റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിൽസ തേടിയിട്ടുണ്ട്.

ഇതില്‍ 16,053 പേരില്‍ ശ്വാസകോശം, 2,976 പേരില്‍ ഹൃദ്രോഗം, 7,025 പേരില്‍ പേശീ വേദന, 2,697 പേരില്‍ ന്യൂറോളജിക്കല്‍, 1,952 പേരില്‍ മാനസികാരോഗ്യം എന്നിവ സംബന്ധമായ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 1,332 പേരെ വിദഗ്‌ധ ചികിൽസക്ക് റഫര്‍ ചെയ്‌തു. 356 പേര്‍ക്കാണ് കിടത്തി ചികിൽസ ആവശ്യമായി വന്നത്. ഈയൊരു സാഹചര്യം മനസിലാക്കിയാണ് പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ക്ക് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

പോസ്‌റ്റ് കോവിഡ് ചികിൽസ ഫലപ്രദമാക്കുന്നതിന് ആശാപ്രവര്‍ത്തകരുടെ സഹായത്തോടുകൂടി ഫീൽഡ് തലം മുതല്‍ കോവിഡ് മുക്‌തരായവരെ നിരീക്ഷിക്കുന്നതിനും പ്രശ്‌നങ്ങളുള്ളവരെ അടുത്തുള്ള പോസ്‌റ്റ് കോവിഡ് ക്ളിനിക്കിലേക്ക് എത്തിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഈ രോഗികളെ പരിശോധിക്കും.

Most Read:  വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരം; തമിഴ്‌നാടിന് 6 ലക്ഷം ഡോസ് കൂടി അനുവദിച്ചു

ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികിൽസ നല്‍കുന്നതോടൊപ്പം തുടര്‍ നിരീക്ഷണത്തിനായി ഇവരെ രജിസ്‌റ്റർ ചെയ്യും. വിദഗ്‌ധ ചികിൽസ ആവശ്യമായി വരുന്ന രോഗികളെ താലൂക്ക്, ജില്ലാ ആശുപത്രികളില്‍ സജ്‌ജമാക്കിയ സ്‌പെഷ്യാലിറ്റി, പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളിലേക്കും മെഡിക്കല്‍ കോളേജുകളിലേക്കും റഫര്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ക്കും വേണ്ടി സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമിലെ സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ സഹായത്തോടെ സ്വകാര്യ മേഖലയിലെ ആശുപത്രികളിലെ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകളുടെ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പോസ്‌റ്റ് കോവിഡ് ലക്ഷണങ്ങള്‍ നിസാരമായി കാണരുതെന്നും ഇ-സഞ്‌ജീവനി വഴിയോ പോസ്‌റ്റ് കോവിഡ് ക്ളിനിക്കുകള്‍ വഴിയോ ചികിൽസ തേടേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Most Read:  വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നു; ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതിൽ എന്‍എസ്എസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE